ജബലുന്നൂറിലെ രാത്രി

ആയിരം പൂര്‍ണചന്ദ്രന്മാര്‍ ആകാശ മേലാപ്പില്‍ പ്രകാശ പ്രളയം സൃഷ്ട്ടിച്ച  വിസ്മയ രാത്രി.മാനവ ചരിത്രത്തിനു നിര്‍ണയം കുറിച്ച ആ വിശുദ്ധ രാവില്‍ ആയിരം മാലാഖമാര്‍ പ്രശാന്തിയുടെ പരിമളം പൊഴിച്ച് പറന്നു വീണത്‌ ഈ മലമുകളില്‍ ആയിരുന്നു.നിയതിയുടെ പ്രകാശവര്‍ഷം ഏറ്റു വാങ്ങി ഈ കുന്നുകള്‍ ജ്വലിച്ചു.അത് മുതലാണ്‌ "ജബലുന്നൂറി"ന്‍റെ കഥ തുടങ്ങുന്നത്.

പര്‍വതങ്ങളുടെ മടിത്തട്ടിലാണ്  മക്കാ നഗരി പിച്ച വെച്ചത്.അറബികളുടെ പിതാമഹനായ ഇബ്രാഹീം നബി,ഭാര്യ ഹാജരിനെയും പുത്രന്‍ ഇസ്മായീലിനെയും ഈ കുന്നുകളെ ഏല്‍പ്പിചായിരുന്നുവല്ലോ ജന്മ നാട്ടിലേക്ക്  മടങ്ങിയത്.തള്ള പക്ഷി കുഞ്ഞുങ്ങളെ സ്വന്തം ചിറകിനുള്ളില്‍ കാത്തു വെക്കുന്ന പോലെ,സഫായും മര്‍വയും അരഫയും ജബല്‍ ഉമറും സബീലുമെല്ലാം മക്കയുടെ മക്കളെ ചേര്‍ത്ത്  പിടിച്ചു ലാളിച്ചു.മാനത്ത്  പറക്കുന്ന  മേഘക്കൂട്ടങ്ങളോട് കലഹം കൂടി ഈ നാടിനു ആര്‍ദ്രത നല്‍കി.കൊടും ചൂടില്‍ തപിച്ച  താഴ്വരകള്‍ക്ക് തണല്‍ വിരിച്ചു കൊടുത്തു.ശത്രുക്കളില്‍ നിന്ന് സുരക്ഷ നല്‍കി.

മക്കയിലെ കുന്നുകൂട്ടങ്ങളില്‍ മസ്ജിദുല്‍ ഹരാമിന്  വടക്കാണ്‌ ഈ പ്രകാശഗിരി.ഹറമില്‍ നിന്ന് ഏതാണ്ട്  മൂന്നു കിലോമീറ്റര്‍ ദൂരം.സുഹൃത്ത്‌ ബഷീര്‍ വള്ളിക്കുന്നും മൂസക്കോയ സാഹിബ്‌ പുളിക്കലും കൂട്ട് വന്നു.ഇഷാ നമസ്കാര ശേഷം ഞങ്ങള്‍ ജബലുന്നൂര്‍ ലക്ഷ്യമാക്കി പുറപ്പെട്ടു.ശയ്യോപകരണങ്ങളും രാത്രി ഭക്ഷണവും കരുതിയിരുന്നു.ഈ രാത്രി ജബലുന്നൂരിന്റെ ഉച്ചിയില്‍ പാര്‍ക്കണം.

ജബലുന്നൂരിന്റെ താഴ്വാരത്ത്  റോഡ്‌ അവസാനിക്കുന്നു.ടാക്സി ഡ്രൈവറായ അറബി വണ്ടി തിരിച്ചു നിറുത്തിയ ശേഷം മുകളിലേക്ക് കൈചൂണ്ടി നേരെ നടക്കാന്‍ പറഞ്ഞു.വളഞ്ഞു പുളഞ്ഞു,ഒരു പെരുമ്പാമ്പിനെ പോലെ മുകളിലോട്ടു നീണ്ടു ചുരുണ്ട് കിടക്കുന്ന ചെങ്കുത്തായ  പാത   ഭയപ്പെടുത്താതിരുന്നില്ല.താഴ്വാരത്തെ പെട്ടിക്കടയില്‍ നിന്ന് ഒരു ടോര്‍ച്ചും കുടിക്കാനുള്ള വെള്ളവും വാങ്ങി കയ്യില്‍ വെച്ചു.

പകല്‍ ചൂടിന്‍റെ ചൂര് കെട്ടിരുന്നില്ല.40 ഡിഗ്രിയ്ക്ക് മീതെയാണ് ഇപ്പോള്‍ ചൂട്.നരച്ച കുന്നുകള്‍ ചൂട് നിശ്വസിക്കുന്നുണ്ടായിരുന്നു.സമുദ്ര നിരപ്പില്‍ നിന്ന്  634 മീറ്റര്‍ ഉയരത്തില്‍ ഗരിമയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മലത്തട്ടിലേക്ക് ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു.നടന്നു മുന്നേരുന്നതിന്നനുസരിച്ചു ലക്ഷ്യവും അകന്നു പോകുകയാണോ? ഞങ്ങള്‍ വഴിത്തിരുവുകളില്‍ വിശ്രമിച്ചു.ഇടയ്ക്കിടെ വെള്ളം കുടിച്ചു.ജബലുന്നൂര്‍ സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ വഴിയില്‍ ഒതുങ്ങിക്കൊടുത്തു.സന്ദര്‍ശകരില്‍ അധികവും ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുള്ളവരാണ്.

പകുതി ദൂരം പിന്നിട്ടിട്ടുണ്ടാകും.അവിടെ ഒരു താല്‍ക്കാലിക പന്തല്‍ കെട്ടിയിട്ടുണ്ട്.ശീതള പാനീയങ്ങളും ലഘുഭക്ഷണവും വില്‍പ്പന നടത്തുന്ന കടയായിരുന്നു അത്.പക്ഷെ കട അടച്ചു കഴിഞ്ഞിട്ടുണ്ട്.അവിടെ വിരിച്ചിട്ടിരുന്ന പരവതാനിയില്‍ ഇരുന്നു ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.ഭക്ഷണ പൊതി തുറന്നു.ചുട്ട കോഴിയുടെ ഗന്ധം പുറത്തു വന്നു.കുബൂസും സലാഡും മറ്റു ചേരുവകളും പുറത്തെടുത്തു കഴിക്കാന്‍ തുടങ്ങി.ഇരുപത്തി അഞ്ചു വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലിയെടുക്കുന്ന മൂസക്കോയ സാഹിബിനു മക്കയുടെയും സൗദിയുടെയും ചരിത്രം മന:പാഠമാന്.താഴെ വിദൂരങ്ങളില്‍ മിന്നുന്ന ചെറു വെളിച്ചങ്ങളിലേക്ക് വിരല്‍ ചൂണ്ടി സമീപ താഴ്വരകളുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അദ്ദേഹം വിശദീകരിച്ചു കൊണ്ടിരുന്നു.അതിനിടെ ബഷീര്‍ വള്ളിക്കുന്ന് ധൃതിയില്‍ ബാഗ് തുറന്നു കാമറ കയ്യിലെടുക്കുന്നു.ഭക്ഷണ ഗന്ധം പിടിച്ചു ഞങ്ങള്‍ക്ക് സമീപത്തു പ്രത്യക്ഷപ്പെട്ട ഒരു പൂച്ചയായിരുന്നു അദ്ദേഹത്തിന്റെ ഉന്നം.

"ഇത് വെറും പൂച്ചയല്ല,ജബല്‍നൂരിലെ പൂച്ചയാണ്!"-വള്ളിക്കുന്ന് പറഞ്ഞു.
തപിച്ചു വരണ്ട ഈ പരവതസാനുക്കളിലും അതിജീവിക്കുന്ന പൂച്ചകള്‍ അതിശപ്പിക്കുക തന്നെ ചെയ്തു.ശിഷ്ടങ്ങള്‍ ഭക്ഷിച്ചു ഒന്ന് മുരണ്ടു അവന്‍ എങ്ങോട്ടോ മറഞ്ഞു.

ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇനി യാത്ര കുറെ കൂടി ക്ലേശകരമാണ്.കഷ്ട്ടിച്ചു ഒരാള്‍ക്ക്‌ നടക്കാനുള്ള വിസ്താരമേ ഉള്ളൂ.തിരിവുകളിലെവിടെയെങ്കിലും അടിതെറ്റിയാല്‍ താഴ്ച്ചയിലെക്കാകും പതനം.കൈവരികള്‍ പണിതിട്ടുള്ളത് യാത്രികര്‍ക്ക് ആശ്വാസമാണ്.കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോള്‍ എമെര്‍ജന്സി ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു മുഖം തെളിഞ്ഞു.മുഷിഞ്ഞ പൈജാമയും തൊപ്പിയും അണിഞ്ഞ ഒരു പാകിസ്ഥാനി.അയാള്‍ പടവുകള്‍ കൊത്തിയുണ്ടാക്കുകയാണ്.പിക്കാസും മറ്റു ആയുധങ്ങളും അടുത്ത് വെച്ചിട്ടുണ്ട്.പടവുകള്‍ പണിതു സിമന്റില്‍ ഉറപ്പിക്കുകയാണ് അയാള്‍.കൂട്ടിനു ആരുമുണ്ടായിരുന്നില്ല.ആളുകള്‍ മല കയറുന്നതും ഇറങ്ങുന്നതും അയാള്‍ ശ്രദ്ധിക്കുന്നേ ഇല്ല.സന്ദര്‍ശകരില്‍ ചിലര്‍ അടുത്ത് കണ്ട പാത്രത്തില്‍ റിയാലുകള്‍ ഇട്ടു പോകുന്നുണ്ട്.പകല്‍ മുഴുവന്‍ ജോലി ചെയ്തു രാത്രിയില്‍ ഇവിടെ എത്തി ഹിരാ ഗുഹയിലേക്കുള്ള വഴി വെട്ടുകയാണ് അയാള്‍.

സുദീര്‍ഘമായ ഈ മലമ്പാത ഇങ്ങനെ ത്യാഗികളായ ചിലര്‍ വെട്ടിയതാനത്രേ.വഴി വെട്ടുന്നവര്‍ ത്യാഗികള്‍ ആയിരിക്കും.തീര്‍ഥാടകര്‍ കിതച്ചു കൊണ്ടു പടവുകള്‍ കയറുന്നത് നോക്കി സന്തോഷത്തോടെ അയാള്‍ പുഞ്ചിരിക്കും.പിന്നെ തന്‍റെ പണിയില്‍ ലയിക്കും.

ആയിരത്താണ്ടുകള്‍ക്കപ്പുരം ഈ പര്‍വതം എത്ര മാത്രം വരണ്ടാതാവും? എത്രമേല്‍ വിജനമായിരിക്കും? അന്നും ഈ കുന്നിനു മക്കാവാസികള്‍ പ്രത്യകത കല്പ്പിച്ചിരുന്നു.ഹിറാ ഗുഹയെ നെറുകയില്‍ വഹിച്ചു ഈ കുന്നു ഇതേ നില്‍പ്പ് നിന്നു.വ്യാപാരവും യാത്രകളും വീര്‍പ്പു മുട്ടിക്കുമ്പോള്‍ ഒട്ടകങ്ങളെ താഴ്വരകളില്‍ മേയാന്‍ വിട്ടു അവര്‍ മല കയറി ഹിറാഗുഹയില്‍ എത്തി.പര്‍വത ശീര്‍ഷത്തിലെ പ്രശാന്തിയില്‍ അവര്‍ ആത്മഹര്‍ഷം അനുഭവിച്ചു മടങ്ങി.തന്‍റെ പിതൃവ്യരായ ഖുരൈഷികളുടെ താവഴി പിന്തുടര്‍ന്ന് മുഹമ്മദും(സ) ഹിരാഗുഹ സന്ദര്‍ശിക്കുവാന്‍ തുടങ്ങി.അപ്പോള്‍ അദ്ദേഹത്തിന് പ്രായം നാല്‍പ്പതു.ഖദീജയെ വിവാഹം ചെയ്തു പതിനഞ്ചു വര്ഷം പിന്നിട്ടുരുന്നു.വ്യാപാരവും യാത്രകലുമായി കഴിഞ്ഞു കൂടുന്ന കാലം.വ്യക്തിപരമായി കാര്യമായ അലോസരങ്ങള്‍ ഒന്നുമില്ലെങ്കിലും പേരറിയാത്ത എന്തോ ഒരു അസ്വാസ്ഥ്യം അദ്ദേഹത്തെ വേട്ടയാടികൊണ്ടിരുന്നു.സൃഷ്ടിയുടെ നിഗൂഡതകള്‍,ജീവിതത്തിന്റെ ലക്‌ഷ്യം,മരണം,അനന്തരം...പിടികിട്ടാത്ത നിരവധി ചോദ്യങ്ങള്‍.അതിലുപരി ഖുറൈഷികളും ഇതര ഗോത്രങ്ങളും കൊണ്ടു നടക്കുന്ന അര്‍ത്ഥ രഹിതമായ വിശ്വാസങ്ങള്‍,ആചാരങ്ങള്‍,ബിംബങ്ങള്‍,പൂജകള്‍...അവ്യക്തമായ ആത്മസംഘര്‍ഷങ്ങളില്‍ നിന്നുള്ള ആശ്വാസം തേടി മുഹമ്മദും(സ) ഹിറാഗുഹയുടെ ഗര്‍ഭത്തില്‍ ധ്യാനനിരതനായി.മൂന്നു വര്‍ഷത്തോളം റമദാനില്‍ ഈ ധ്യാനം അദ്ദേഹം തുടര്‍ന്നു.

അദ്ദേഹം ഹിരാഗുഹയിലേക്ക്  കയറുകയും ഇറങ്ങുകയും ചെയ്തത് ഇതേ ചെരുവുകളില്‍ കൂടി ആയിരുന്നു.അദ്ദേഹത്തിന് ഭക്ഷണവുമായി പത്നി ഖദീജയും ഏകാകിയായി ചെന്ന്  മടങ്ങിയതും ഇതേ പാതയിലൂടെ.ഈ പടവുകളില്‍ ചുവടു വെക്കുമ്പോള്‍ ചരിത്രസ്മരണകള്‍ മനസ്സില്‍ ഓളം തള്ളി.
ക്രിസ്താബ്ദം 634 ആഗസ്തിലായിരുന്നു അത്.അത് റമദാന്‍ മാസമായിരുന്നു.പതിവ് പോലെ മുഹമ്മദ്‌(സ) ഹിറാഗുഹയില്‍ ധ്യാന നിരതനാണ്.ആകാശത്ത് നക്ഷത്രങ്ങള്‍ തിളങ്ങി.അവ ഇരുട്ടില്‍ കുളിച്ച ഗുഹാഗര്‍ഭത്തിലേക്കു ഊര്‍ന്നു വരികയാണോ?..സര്‍വത്ര പ്രകാശം..ദിക്കുകള്‍ ഭേദിച്ച് കൊണ്ടു അശരീരി മുഴങ്ങി:
"വായിക്കുക!"
"എനിക്ക് വായിക്കാന്‍ അറിയില്ല"-അദ്ദേഹം ഭയപ്പെട്ടു കൊണ്ടു പ്രതിവചിച്ചു.
പ്രകാശത്തികവാര്‍ന്ന ആ സ്വരൂപം അദ്ദേഹത്തെ അമര്‍ത്തി പിടിച്ചു.ആ വെളിപാട് ആവര്‍ത്തിച്ചു...
"വായിക്കുക,നിന്നെ സൃഷ്ട്ടിച്ച നിന്‍റെ നാഥന്റെ നാമത്തില്‍!...."
മുഹമ്മദ്‌(സ) പതുക്കെ അതേറ്റു പറഞ്ഞു.

വാക്കിന്റെ ഭാരത്തില്‍ അദ്ദേഹത്തിന്റെ ശരീരം വിറ കൊണ്ടു.നാക്ക് കുഴഞ്ഞു.അസ്ഥികളില്‍ വേദന പാഞ്ഞു കയറി.
ഭയവും വേദനയും പിടി മുറുക്കിയ ഒരു വിഭ്രാന്തിയില്‍ അന്ന് അദ്ദേഹം ഈ പടികള്‍ ഇറങ്ങി.അത് ഖുറൈഷി വ്യാപാരിയായ മുഹമ്മദ്‌ ആയിരുന്നില്ല.ലോകാനുഗ്രഹിയായ തിരുദൂതര്‍ ആയിരുന്നു.
തന്‍റെ ഏകാന്ത വാസത്തിന്റെ പുതിയ അനുഭവങ്ങള്‍ പ്രിയതമയുമായി പങ്കു വെച്ച്‌ അദ്ദേഹം.
"വയ്യ,പുതപ്പിച്ചു മൂടൂ,ഖദീജാ.."
ആശ്വാസ വചനങ്ങള്‍ കൊണ്ടു അദ്ദേഹത്തെ മൂടി അവര്‍.മറ്റുള്ളവര്‍ക്ക് അഭയവും ആശ്വാസുമായ അങ്ങയെ അള്ളാഹു കൈവിടുകയില്ല.
ആ വിചിത്രാനുഭവത്തിന്റെ രഹസ്യമറിയാന്‍ ഖദീജയ്ക്കും തിടുക്കമായി.തന്‍റെ ബന്ധുവും ക്രിസ്തീയ പുരോഹിതനുമായ വരഖതുബിനു നൌഫലിനെ സമീപിച്ചു ഉണ്ടായ കാര്യങ്ങള്‍ വിസ്തരിച്ചു.വരഖ ഹിബ്രുവില്‍ നിപുണനായിരുന്നു.പൂര്‍വ  വേദങ്ങളില്‍ പ്രവീണന്‍.ചെറുപുഞ്ചിരിയോടെ താടി ഉഴിഞ്ഞു അന്ധനായ ആ പുരോഹിതന്‍ പറഞ്ഞു:

"മുഹമ്മദ്‌ ഭാഗ്യം ചെയ്തിരിക്കുന്നു.ഭയക്കാനില്ല,മോശെയുടെ അടുത്ത് വന്ന ഗബ്രിയേല്‍ മാലാഖ തന്നെയാണ് മുഹമ്മദിന്റെ അടുക്കല്‍ വന്നിട്ടുള്ളത്.മുഹമ്മദ്‌ ദൈവദൂതന്‍ ആണ്.ഒരു കാലത്ത് ഖുറൈശികള്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നു പുറത്താക്കും.അപ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണക്കും."ആ വാക്കുകളുടെ പൂര്‍ണ അര്‍ഥം മനസ്സിലായില്ലെങ്കിലും തന്‍റെ പ്രിയതമന് അപകടമൊന്നും വരില്ലെന്ന ആശ്വാസം അവരെ സന്തോഷിപ്പിച്ചു.

ഞങ്ങള്‍ ഇപ്പോള്‍ ജബല്‍ നൂറിന്റെ ഉച്ചിയില്‍ എത്തിക്കഴിഞ്ഞു.അര്‍ദ്ധ രാത്രി പിന്നിട്ടിരിക്കുന്നു.ഇപ്പോഴും സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞിട്ടില്ല.എന്നല്ല,സന്ദര്‍ശക പ്രവാഹം വര്ധിക്കുകയുമാണ്.ഇവിടെയും ഒരു താല്‍ക്കാലിക പന്തലുണ്ട്.ചായയും പാനീയങ്ങളും ലഘു ഭക്ഷണങ്ങളും വില്‍ക്കുന്ന ചെറിയ കട.നമസ്കരിക്കാനും സൌകര്യപ്പെടുതിയിട്ടുണ്ട്.തൊട്ടു താഴെ കാണുന്നതാണ് ഹിറ ഗുഹ.

അങ്ങകലെ മസ്ജിദുല്‍ ഹരാമിന്റെ മിനാരങ്ങള്‍ കാണാം.ചരിത്രം വീണുറങ്ങുന്ന മക്ക നഗരി.മലകള്‍ കൈകോര്‍ത്ത്‌ പിടിച്ചു കഅബയെ കാക്കുന്നു.ഇപ്പോഴും പ്രാചീനമായ ഒരു ശാന്തി ഈ മലകളിലും താഴ്വാരങ്ങളിലും തളം കെട്ടി നില്‍പ്പുണ്ട്.ഇബ്രാഹീം നബിയുടെ വിളി കേട്ടു ഇട മുറിയാതെ വന്നു പോകുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ ഈ സമാധിയില്‍ ലയിച്ചു ചേരുന്നു.വിദൂരത്ത് എവിടെയോ ഒരു മല മുകളിലെ കുടിലില്‍ മുനിഞ്ഞു കത്തുന്ന വെട്ടം കണ്ടു.

നിരപ്പായ സ്ഥലം നോക്കി ഞങ്ങള്‍ വിരിപ്പ് വിരിച്ചു.തീര്‍ഥാടകര്‍ വന്നും പോയുമിരുന്നു.പാറക്കെട്ടിന്റെ വിങ്ങല്‍ ഇപ്പോഴും മാറിയിട്ടില്ല.
ആകാശം നോക്കി കിടന്നു.നക്ഷത്രങ്ങള്‍ മിഴി തുറക്കുന്നു.ഇതേ നക്ഷത്രങ്ങള്‍ വെളിപാടിന്റെ പ്രാരംഭസുദിനത്തില്‍ ഉള്ളു നിറഞ്ഞു ചിരിച്ചിട്ടുണ്ടാകണം.ജിബ്രീല്‍,മലക്കുകള്‍,തിരുദൂതര്‍,ഖദീജ,സ്വഹാബികള്‍...ചരിത്രത്തിന്റെ കാല്‍പ്പെരുമാറ്റം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു.പതുക്കെ നിദ്രയുടെ ചുഴികളിലേക്ക് ഊളയിട്ടു പോയി...

സുബഹി ബാങ്കിന്റെ നാദധ്വനികള്‍ ജബലുന്നൂരില്‍ പ്രതിധ്വനിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്.ചുറ്റിലും സന്ദര്‍ശകര്‍ നിറഞ്ഞിരിക്കുന്നു.ഇന്ന് വെള്ളിയാഴ്ചയാണ്.പൊതുവേ സന്ദര്‍ശകര്‍ കൂടുന്ന ദിവസം.ഹിറ സന്ദര്‍ശനം ഹജ്ജിന്റെയോ ഉമ്രയുടെയോ ഭാഗമല്ല.ചരിത്രം അയവിരക്കാനും ചരിത്രഭൂമി കണ്ടു മനം നിറയാനുമാണ് വിശ്വാസികള്‍ ഇവിടെ വരുന്നത്.എന്നാല്‍ അല്പജ്ഞ്ജരും അന്ധവിശാസികളും ഇവിടെ വെച്ച്‌ പ്രത്യേക നമസ്കാരങ്ങള്‍ നിര്‍വഹിക്കുന്നു,കരഞ്ഞു പ്രാര്‍ഥിക്കുന്നു.പാറകെട്ടുകളെ ആലിംഗനം ചെയ്യുന്നു.അതൊന്നും അരുതെന്ന് എഴുതി വെച്ചത് പക്ഷെ അവരെ അതില്‍ നിന്നു തടയുന്നില്ല!

സുബഹി നമസ്കരിച്ചു ഞങ്ങള്‍ ഹിറയുടെ കൂടുതല്‍ സമീപത്തേക്ക് ഇറങ്ങി.ഒരാള്‍ക്ക്‌ കഷ്ട്ടിച്ചു ഇരിക്കാനേ അതിനകത്ത് ഇടമുള്ളൂ.ഗുഹകളിലൂടെ നുഴഞ്ഞു വേണം അകത്തേക്ക് കടക്കാന്‍.സന്ദര്‍ശകര്‍ക്കിടയിലൂടെ ഞങ്ങളും നുഴഞ്ഞു കേറി."ഹൌര്‍ ഹിറാ" എന്ന്‌ പാറക്കെട്ടില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നു.പാറക്കൂട്ടങ്ങളില്‍ പല ഭാഷകളില്‍ സന്ദര്‍ശകര്‍ തങ്ങളുടെ പേരും മറ്റും കോറിയിട്ടിരിക്കുന്നു.കൂട്ടത്തില്‍ എന്‍ ഡി എഫ് എന്ന്‌ എഴുതി വെച്ചത് കണ്ടു ഞങ്ങള്‍ അമ്പരന്നു!

നേരം പുലര്‍ന്നിരിക്കുന്നു.ഞങ്ങള്‍ ആ കടയില്‍ നിന്നു ഒരു ചായ വാങ്ങി കുടിച്ചു.എത്രയോ ദൂരം നടന്നു സാധനങ്ങള്‍ ചുമലേറ്റി വേണം ഇവിടെ എത്തിക്കാന്‍.എങ്കിലും അമിത വിലയൊന്നും ഈടാക്കുന്നില്ല.സൂര്യ വെട്ടത്തില്‍ ജബലുന്നൂര്‍ തിളങ്ങുന്നു.കൂടുതല്‍ നേരം ഇവിടെ തന്നെ കഴിയാന്‍ തോന്നി.നേര്‍ത്ത കുളിരുമായി ഒരു തെന്നല്‍ കടന്നു പോയി.ഇനിയും വൈകിയാല്‍ ചൂട് ശക്തി പ്രാപിക്കും.പിന്നെ മലയിറക്കം പ്രയാസകരമാകും.ജുമാ നമസ്കാരത്തിന് ഹറമില്‍ എത്തണമെങ്കില്‍ ഇപ്പോഴേ  ഇറങ്ങണം.

ഹിറ ഗുഹയോടു വിട ചൊല്ലി ഞങ്ങള്‍ ഇറക്കം ആരംഭിച്ചു."കയറ്റം പോലെ ഇറക്കവും ശ്രമകരം ആണ്.ശ്രദ്ധിച്ചു വേണം"-മൂസ്സക്കോയ സാഹിബ് നിര്‍ദേശിച്ചു.കുന്നു കയറി വരുന്നവര്‍ക്ക് വഴി കൊടുത്തു ഞങ്ങള്‍ മുന്നോട്ടാഞ്ഞു.

പാതി വഴിയില്‍ ഒരു കല്‍പ്പടവില്‍ വിശ്രമിക്കുന്ന വൃദ്ധ ദമ്പതികളെ കണ്ടു.എണ്‍പത് പിന്നിട്ടു കാണും.പ്രായം അവരുടെ മുഖത്ത്  രേഖാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.വടി നിലത്തൂന്നി,ചേര്‍ന്നിരിക്കുന്ന അവരുടെ ചെറിയ വെള്ളകണ്ണുകള്‍ ഇന്നലെ കണ്ട പൂച്ചയെ ഓര്‍മിപ്പിച്ചു.
അടിവാരത്ത് എത്താന്‍ ഒരു മണിക്കൂറിലധികം നടന്നു.ഒരിക്കല്‍ കൂടി ജബല്‍ നൂറിനെ നോക്കി കൈവീശി.
ഹറമിലേക്ക് ആളെ വിളിച്ചു കയറ്റുന്ന ടാക്സിക്കാരുടെ കലപിലയിലേക്ക് ഞങ്ങളും ഒഴുകി.

കുലംകുത്തി അഥവാ മതപരിത്യാഗി!

കേരളത്തില്‍ തരം കിട്ടുമ്പോഴൊക്കെ അഭിപ്രായ സ്വാതന്ത്രത്തിന്റെ അപോസ്തലന്മാരായി മുന്നോട്ടു വരാറുള്ളത് മാക്സിസ്ടുകളും അതിന്റെ സാംസ്കാരിക വിഭാഗമായ പു ക സ യുമാണ്‌.ആവിഷ്കാര സ്വാതന്ത്രം ഹനിക്കുന്നത് ഏതെങ്കിലും മത വിഭാഗമാണെങ്കില്‍ ഉടനെ പ്രസ്താവനയുമായി രംഗം കയ്യടക്കുന്നത് യുക്തി വാദി സംഘം ആയിരിക്കും.മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന് വേണ്ടി പു ക സയും യുക്തി വാദികളും ഒരു പ്രസ്താവന പോലും ഇറക്കിയതായി കണ്ടില്ല.സഖാവ് പിണറായി വിജയന്‍ കുപ്രസിദ്ധമായ "കുലംകുത്തി"പ്രയോഗത്തിലൂടെ ചന്ദ്രശേഖരന്‍ തരിമ്പും കാരുണ്യം അര്‍ഹിക്കുന്നില്ല എന്ന്‌ മറയില്ലാതെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കാരണം അയാള്‍ വര്‍ഗവഞ്ചകനാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി ഉപേക്ഷിച്ചു കളം മാറിയവന്‍.

വാസ്തവത്തില്‍ ചന്ദ്രശേഖരന്‍ വലതുപക്ഷം ചേര്‍ന്നിരുന്നില്ല.മാര്‍ക്സിസത്തെയോ തൊഴിലാളി വര്‍ഗ ഐക്യത്തെയോ തള്ളിപ്പരഞ്ഞിരുന്നില്ല.എന്നല്ല കൂടുതല്‍ ശക്തിയോടെ മാര്‍ക്സിസ്റ്റു ആശയം ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി "വിപ്ലവ"മാര്‍ക്സിസ്റ്റു എന്ന പുതിയ ഇടതു പക്ഷസമര പ്രസ്ഥാനം രൂപീകരിക്കുകയുമാണ് ചെയ്തത്.ചന്ദ്രശേഖരന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരളത്തില്‍ നിലവിലുള്ള സി പി ഐ എം പാര്‍ട്ടിയും അതിന്റെ മുന്‍നിര നേതാക്കളും പാര്‍ട്ടി ആദര്‍ശങ്ങള്‍ ബലി കഴിച്ചു മുതലാളിത്ത സംഘടനയായി മാറിയിട്ടുണ്ടെന്ന സത്യമാണ്.പിണറായിസവും മാര്‍ക്സിസവും തമ്മില്‍ സന്ധിക്കുന്ന ബിന്ദു ഇല്ലേ ഇല്ലെന്നാണ് ചന്ദ്രശേഖരനും ഒഞ്ചിയത്തെ സഖാക്കളും പ്രഖ്യാപിച്ചത്.നേരത്തെ എം എന്‍ വിജയന്‍ തുടങ്ങി വെച്ച പോരാട്ടം മൂര്‍ത്തമായി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടു പോകുകയാണ് ചന്ദ്രശേഖരന്‍ ചെയ്തത്.

ചന്ദ്രശേഖരന് മുമ്പ് പ്രമുഖരായ പലരും പാര്‍ട്ടി വിട്ടിട്ടുണ്ട്.കോണ്ഗ്രസ്സിലും മുസ്ലിം ലീഗിലും എന്തിനേറെ ബി ജെ പിയിലും ചേര്‍ന്ന മാര്‍ക്സിസ്റ്റുകള്‍ വരെ ഉണ്ട്.അതില്‍ പലരും ഇന്നും ആ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്നു.അവരൊന്നും പാര്‍ട്ടി വിട്ടതിന്റെ പേരില്‍ നല്‍കേണ്ടി വന്നിട്ടില്ലാത്ത വില ചന്ദ്രശേഖരന്‍ നല്‍കേണ്ടി വന്നത് എന്ത് കൊണ്ടാണ്? പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ശബ്ദിച്ചത് കൊണ്ടു.പാര്‍ട്ടി സെക്രട്ടിക്കെതിരില്‍ വിമര്‍ശനം ഉന്നയിച്ചത് കൊണ്ടു.അതിനാല്‍ ചന്ദ്രശേഖരന്‍ മാപ്പര്‍ഹിക്കുന്നില്ല!ഒരു പ്രസ്ഥാനം വിട്ടു പോയി അതിനെതിരെ പ്രവര്‍ത്തിക്കുന്ന "കുലംകുത്തി'', അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്ന പിണറായി സിദ്ധാന്തം ശരി വെച്ചത് കൊണ്ടോ,പാര്‍ട്ടിക്കെതിരെ തിരിഞ്ഞു മറ്റൊരു കുലംകുത്തി ആകാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടോ ആകണം പു ക സ നേതാക്കള്‍ മൌനത്തിന്റെ വാല്മീകത്തില്‍ അഭയം പ്രാപിച്ചത്.അടുത്ത ഇടതു സര്‍ക്കാര്‍ വരുമ്പോള്‍ ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങള്‍ കളഞ്ഞു കുളിക്കാന്‍ മാത്രം അവര്‍ വിഡ്ഢികള്‍ അല്ലല്ലോ! അതിനാല്‍ അവരോടു നമുക്ക് സഹതപിക്കാം.എന്നാല്‍ യുക്തിവാദികള്‍ അങ്ങനെ അല്ലല്ലോ.

ഒരു ഭൌതികവാദ രാഷ്ട്രീയ  പ്രസ്ഥാനം റിബലുകളെ കൈകാര്യം ചെയ്യുന്ന വിധമാണ് നാം ചന്ദ്രശേഖരന്റെ കൊലയിലൂടെ വായിചെടുക്കുന്നത്.ഇതേ രീതി ഏതെങ്കിലും ഒരു മതത്തില്‍ പ്രയോഗിക്കപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ എന്ന്‌ വെറുതെ ഭാവിച്ചു നോക്കൂ.അപ്പോള്‍ ചര്‍ച്ചയുടെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല.ഉദാഹരണത്തിന്,എക്കാലവും നിരീശ്വര വാദികളുടെ വിമര്‍ശനത്തിനു വിധേയമാകാരുള്ള ഇസ്ലാമില്‍ നിന്ന് മതം മാറി മറ്റൊരു മതത്തില്‍ ചേര്‍ന്ന്,ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഒരു "കുലംകുത്തി" ഏതെങ്കിലും തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു എന്നിരിക്കട്ടെ.അപ്പോള്‍ ആദ്യം ചാടി പ്രതികരിക്കുക മാര്‍ക്സിസ്റ്റു പാര്‍ട്ടിയായിരിക്കും.സകല മതേതര ബുജികളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായി റോട്ടിലിരങ്ങും.ആഗോള തലത്തില്‍ ഇസ്ലാം മതപരിത്യാഗികള്‍ക്കെതിരെ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാവിധികളുടെ കണക്കുകള്‍ നിരത്തപ്പെടും.ഖുര്‍ആനിനെതിരെ വിമര്‍ശനമുയരും.പാവം വിശ്വാസികള്‍ പ്രതിരോധത്തില്‍ അകപ്പെടും!

ഇതൊക്കെ സാങ്കല്‍പ്പികം മാത്രമാണെന്ന് ലളിതവല്‍ക്കരിക്കാന്‍ വരട്ടെ.കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രതാപകാലത്ത് ഇസ്ലാമിനെതിരെ ഉന്നയിച്ചിരുന്ന പ്രധാന വിമര്‍ശങ്ങളിലൊന്നു,അത് മതപരിത്യാഗികള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്നു എന്നതായിരുന്നു.ഇസ്ലാം ഉപേക്ഷിച്ചു നിരീശ്വര പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ പോലും അതിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നത് മറ്റൊരു കാര്യം.വിമര്‍ശകരോട് ആരോഗ്യകരമായി സംവദിക്കുകയാണ് മത നേതൃത്വം ചെയ്തത്.എന്നിട്ടും മതത്തെ പ്രാകൃതമെന്നും മനുഷ്യാവകാശ വിരുദ്ധമെന്നും മാര്‍ക്സിസ്റ്റുകളും നിരീശ്വര വാദികളും മുദ്ര കുത്തി.ഇപ്പോള്‍ മാര്‍ക്സിസ്റ്റു മതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ കൈവിടാതെ,മേലധ്യക്ഷന്മാരെ വിമര്‍ശിച്ചത്തിന്റെ മാത്രം പേരില്‍ ഒരാള്‍  കൊലശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടിട്ടും നമ്മുടെ യുക്തിവാദികള്‍ വായ തുറക്കാത്തതെന്തു? മാര്‍ക്സിന്റെയും ലെനിന്റെയും കൃതികളും സ്ടാലിന്റെ "ഇന്ക്വസിഷന്‍"ചരിത്രവും തുറന്നു വെച്ച്‌ ഈ ശിക്ഷാവിധിയുടെ പ്രത്യയശാസ്ത്രം അനാവരണം ചെയ്യാത്തത് എന്ത് കൊണ്ടു? ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടാന്‍ പക്ഷെ,കേരളത്തില്‍ ആളില്ലല്ലോ!!

ബാങ്കോക്കിലെ മലായ്‌ ഭോജനശാല

തായ്‌ യാത്ര


ഏഷ്യന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരം ബാങ്കോക്ക്‌ നഗര
ഹൃദയത്തില്‍ തന്നെയാണെങ്കിലും ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ
അന്തരീക്ഷമാണ്‌ ചുറ്റുപാടും. `അമാന്‍' എന്ന സംഘടന സൗത്തേഷ്യന്‍
രാജ്യങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ മനുഷ്യാവകാശ,
സാമൂഹ്യ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്‌ ഈ
കേന്ദ്ര ഓഫീസാണ്‌. ഓഫീസ്‌ കെട്ടിടത്തിന്റെ ഭാഗമായി, മീറ്റിംഗ്‌ ഹാളും
താമസ സൗകര്യവും ഭക്ഷണ ഹാളുമൊക്കെ സജ്ജീകരിച്ചിരിക്കുന്നു. ചുറ്റുപാടും
തണല്‍ മരങ്ങളും പച്ചപിടിച്ച ചെടികളും കൊണ്ട്‌ ഹരിതാഭമാണ്‌. ഈ
മരങ്ങള്‍ക്കിടയിലൂടെ ഇറങ്ങി നടക്കുമ്പോഴും അങ്ങിങ്ങായി സ്ഥാപിച്ച
ഇരിപ്പിടങ്ങളില്‍ ചെന്നിരിക്കുമ്പോഴും വല്ലാത്ത ശാന്തതയും ഏകാഗ്രതയും
അനുഭവപ്പെടുന്നു.


തായ്‌ലന്റില്‍ മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ നല്ല ചൂടുകാലമാണ്‌. മേയ്‌
അവസാനത്തോടെയാണ്‌ വേനല്‍ അവസാനിക്കുന്നത്‌. വെയിലിനു ചൂടുപിടിക്കുന്നതിനു
മുമ്പെ ഒരു സുഹൃത്തിനോടൊപ്പം വെളിയിലിറങ്ങി. 33 ഡിഗ്രിവരെയാണ്‌ ശരാശരി
താപനില. നമ്മുടെ നാട്ടിലേതു പോലെ തന്നെ മെയ്‌ അവസാനത്തോടെ മഴ തുടങ്ങും.
അത്‌ ഒക്‌ടോബര്‍ വരെയൊക്കെ നീണ്ടു നില്‌ക്കും. തായ്‌ലന്റിലുടനീളം ശക്തമായ
മഴ കിട്ടുന്നുണ്ട്‌. ചിലപ്പോള്‍ കനത്ത മഴയെത്തുടര്‍ന്ന്‌ പ്രകൃതി
ക്ഷോഭങ്ങള്‍ ഉണ്ടാകാറുണ്ട്‌. കൊടുങ്കാറ്റും സുനാമിയുമൊക്കെ തായ്‌ലന്റില്‍
നാഷനഷ്‌ടങ്ങള്‍ വരുത്തുക പതിവാണ്‌.


നമ്മുടെ നാട്ടിന്‍ പുറത്തെന്നപോലെയുള്ള കാഴ്‌ചകള്‍ കൊണ്ട്‌ നിബിഢമാണ്‌
തായ്‌ലന്റിന്റെ ഉള്‍പ്രദേശങ്ങള്‍. നീണ്ടു കിടക്കുന്ന പാടങ്ങളും
പച്ചപിടിച്ച കൃഷിയിടങ്ങളും സുലഭം. തലസ്ഥാന നഗരിയായ ബാങ്കോക്കിന്റെ സമീപ
പ്രദേശങ്ങളില്‍ തന്നെ നിറയെ കൃഷിപ്പാടങ്ങള്‍ കാണാം. വയലുകളില്‍ നെല്ലും
ഗോതമ്പും ചോളവും എള്ളുമൊക്കെ കൃഷി ചെയ്യുന്നു. മാവിന്‍ തോട്ടങ്ങളും
വാഴത്തോട്ടങ്ങളുമുണ്ട്‌. അക്കമഡേഷനു മുന്നിലൂടെയുള്ള ഒറ്റ വരിപ്പാതയിലൂടെ
ഞങ്ങള്‍ മുന്‍വശത്തെ നിരത്തിലേക്കു നടന്നു. നിരത്തിന്റെ ഒരു ഭാഗത്ത്‌
വൃത്തിയുള്ള ഒരു ബസ്‌ വെയിറ്റിംഗ്‌ ഷെഡ്ഡുണ്ട്‌. അതിനടുത്തായി ചെറിയ
കടകള്‍. കടകളില്‍ കുടുംബം ഒന്നിച്ചാണ്‌ കച്ചവടം നടത്തുന്നത്‌. അതിനോട്‌
ചേര്‍ന്നു തന്നെയാണ്‌ അവരുടെ വീടുകളും. പച്ചക്കറികളും പഴങ്ങളും
സാമാനങ്ങളും സ്റ്റേഷനറിയുമെല്ലാം ചേര്‍ന്ന ആ കടയില്‍ തന്നെ ഭക്ഷണവും
ലഭ്യമാണ്‌. ആളുകള്‍ പ്രാതല്‍ വാങ്ങിക്കൊണ്ടു പോകുന്നതു കണ്ടു.
കൃഷിയെ സ്‌നേഹിക്കുന്നവരാണ്‌ തായ്‌ സമൂഹം. കൃഷിയെ 

അടിസ്ഥാനമാക്കിയാണ്‌ ഈ രാജ്യത്തിന്റെ സമ്പദ്‌ഘടന തന്നെ. മൊത്തം ഭൂവിസ്‌ത്രൃതിയുടെ 85 ശതമാനവും കൃഷിക്കു മാറ്റി വച്ച തായ്‌ലന്റില്‍, ജനസംഖ്യയുടെ മുക്കാല്‍ പങ്കും കൃഷിയിലാണ്‌ ഉപജീവനം കണ്ടെത്തുന്നത്‌. കര്‍ഷകരില്‍ 75 ശതമാനത്തിനും സ്വന്തം കൃഷിഭൂമിയുണ്ട്‌. അതിനാല്‍ കഠിനാധ്വനത്തിലൂടെ അവര്‍ മികച്ച ഫലം കൊയ്യുന്നു. ലോകത്തെ പ്രധാന നെല്ലുല്‌പാദന രാജ്യങ്ങളില്‍ ഒന്നാണ്‌
തായ്‌ലന്റ്‌. റബ്ബറാണ്‌ പ്രധാന നാണ്യവിള. പരുത്തി, ചണം, കൈതച്ചക്ക,
കരിമ്പ്‌, പുകയില തുടങ്ങിയവയും അങ്ങിങ്ങായി കൃഷിചെയ്യുന്നു.
കേരളത്തിലെന്ന പോലെ ധാരാളം ജലസ്രോതസ്സുകള്‍ കൊണ്ട്‌ അനുഗ്രഹീതമാണ്‌
തായ്‌ലന്റ്‌.


ബാങ്കോക്ക്‌ നഗരം സ്ഥിതി ചെയ്യുന്നത്‌, രാജ്യത്തെ ഏറ്റവും വലിയ നദിയായ
ചാവേഫ്രായുടെ അഴിമുഖത്താണ്‌. തായ്‌ലന്റ്‌, ഉള്‍ക്കടല്‍ വരെ ഏതാണ്ട്‌ 480
കി.മീറ്ററോളം വ്യാപിച്ചു കിടക്കുന്ന ചാവേഫ്രായ നദീതടപ്രദേശത്താണ്‌ മൊത്തം
ജനസംഖ്യയുടെ മൂന്നിലൊന്നും വസിക്കുന്നത്‌. ഈ മേഖലയിലാണ്‌ ചരിത്ര
പ്രധാനമായ ആയുതിയ, ലോപ്‌ബുറി, നഖോണ്‍ പതാം തുടങ്ങിയ പട്ടണങ്ങള്‍
സ്ഥിതിചെയ്യുന്നത്‌. ബാങ്കോക്കിനു വടക്കു സ്ഥിതിചെയ്യുന്ന ക്ലോങ്‌
ദാമ്‌നിയന്‍ സഡ്‌ക്കിലെ `ഒഴുകുന്ന ചന്തകള്‍' സന്ദര്‍ശകരുടെ മനം കവരുന്നു.
ചാവേഫ്രായ കഴിഞ്ഞാല്‍ ചീ-മുന്‍ നദീ വ്യൂഹങ്ങളാണ്‌ തായ്‌ലന്റിനെ
ഫലഭൂയിഷ്‌ഠമാക്കുന്ന മറ്റു നദികള്‍. തീരപ്രദേശങ്ങളില്‍ കുറ്റിക്കാടുകളും
ചതുപ്പു നിലങ്ങളും ധാരാളമായുണ്ട്‌. ചതുപ്പില്‍ കണ്ടല്‍ക്കാടുകള്‍
വളരുന്നു. താമരക്കുളങ്ങളും സുലഭമായി കാണാം.
മലയാളികളായ ചെറുപ്പക്കാര്‍ തായ്‌ നിവാസികളെ കണ്ടു പഠിക്കണം. നാലക്ഷരം
പഠിച്ചവര്‍ വൈറ്റ്‌ കോളര്‍ ജോലി തേടി, `തൊഴില്‍ രഹിത'രായി നടക്കുന്ന
നമ്മുടെ പതിവുശീലം അവര്‍ക്കില്ല. തായ്‌ലന്റിന്റെ സാക്ഷരതാ ശതമാനം 95.3
ആണെന്നോര്‍ക്കണം. ഭരണ ഘടന പ്രകാരം 7-14 പ്രായത്തിനിടെ നിര്‍ബന്ധമായും
വിദ്യാഭ്യാസം നല്‌കിയിരിക്കണം. വിദ്യാസമ്പന്നരാണെങ്കിലും, സര്‍ക്കാര്‍
ജോലിയും കാത്തിരുന്ന്‌ ജീവിതം തുലയ്‌ക്കുകയോ, ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌
വച്ചുപിടിക്കുകയോചെയ്യാതെ കൃഷിയും കച്ചവടവും മറ്റു
ജോലികളും ചെയ്‌ത്‌ അവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
പാടങ്ങളിലൂടെയും ചെമ്മണ്‍പാതകളിലൂടെയും ചുറ്റിക്കറങ്ങി വെയില്‍
ചൂടുപിടിച്ചപ്പോള്‍ ഞങ്ങള്‍ മടങ്ങി. അതിനിടെ നാട്ടിലേക്ക്‌ ഒന്നു
വിളിക്കാമെന്ന്‌ വെച്ച്‌, സമീപത്തു കണ്ട കടയില്‍ ഫോണ്‍ സൗകര്യമുണ്ടോ
എന്നന്വേഷിച്ചു. അവിടെ ഇന്റര്‍നാഷണല്‍ ഫോണ്‍ സൗകര്യമില്ലായിരുന്നു.
അടുത്തൊന്നും പബ്ലിക്‌ ബൂത്തുകള്‍ കാണാനുമില്ല. തലസ്ഥാന നഗരിയില്‍ തന്നെ
കൂടുതലായി ഫോണ്‍ സൗകര്യങ്ങളില്ല. തായ്‌ലന്റിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും
ഇപ്പോഴും ടെലിഫോണ്‌ സൗകര്യങ്ങളില്ലെന്ന്‌ പിന്നീട്‌ അറിയാന്‍ കഴിഞ്ഞു.
രാത്രി ഭക്ഷണം കഴിക്കാനാണ്‌ വീണ്ടും ബാങ്കോക്ക്‌ നഗരത്തിലെത്തിയത്‌.

സന്ധ്യ പിന്നിട്ടിരുന്നു. നഗരത്തിലെ തിരക്കുപിടിച്ച ഒരു ഭാഗത്തുള്ള
മലായ്‌ റസ്റ്റോറന്റില്‍ നിന്ന്‌ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചത്‌
`അമാന്‍' വളണ്ടിയര്‍മാരായ ചില സുഹൃത്തുക്കളാണ്‌.

``നിങ്ങള്‍ക്ക്‌ ഒരു വ്യത്യസ്‌ത അനുഭവമായിരിക്കും'' 

അവര്‍ ഉറപ്പുനല്‍കിയപ്പോള്‍ ആകാമെന്ന്‌ വെച്ചു.
വൈദ്യുതി ദീപങ്ങള്‍കൊണ്ട്‌ അലങ്കരിച്ച ഒരു വലിയ പന്തലിന്റെ
മുന്‍ഭാഗത്താണ്‌ ഞങ്ങള്‍ എത്തിയത്‌. ഒരു സമ്മേളനപ്പന്തല്‍പോലെ
വിസ്‌താരമുണ്ട്‌. കൗണ്ടറില്‍ പണമടച്ച്‌ വേണം അകത്തു കടക്കാന്‍.
ഒരാള്‍ക്ക്‌ 120 ബാ ത്ത്‌ വേണം. പണമടച്ച്‌ ഉള്ളില്‍ കയറി. ഭക്ഷണ
ഹാളിലേക്ക്‌ നയിക്കുന്ന വഴിയുടെ ഇരുഭാഗത്തും പലതരം വ സ്‌തുക്കള്‍
കച്ചവടത്തിന്‌ വെച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍, ഇസ്‌ലാമിക
പുസ്‌തകങ്ങള്‍, സിഡികള്‍, മഫ്‌ത, ടീ ഷര്‍ട്ടുകള്‍, മുസ്വല്ലകള്‍
എന്നിങ്ങനെ അനേകം വസ്‌തുക്കള്‍. എല്ലാറ്റിലും പൊതുവായുള്ളത്‌ ഒരു
ഇസ്‌ലാമിക ഛായയാണ്‌. പശ്ചാത്തലത്തില്‍ മലയ്‌-തായ്‌ ഭാഷകളിലുള്ള ഇസ്‌ലാമിക
ഗാനങ്ങളും ഉയരുന്നുണ്ടായിരുന്നു.


ഇതൊരു മലായ്‌ റസ്റ്റോറന്റാണ്‌. തായ്‌ലന്റിലെ മുസ്‌ലിംകളില്‍ വലിയ പങ്ക്‌
മലായ്‌ വംശജരാണ്‌. അതുകൊണ്ട്‌, അവിടുത്തെ ഹലാല്‍ഫൂഡ്‌ വിപണി
നിയന്ത്രിക്കുന്നത്‌ മലായ്‌ വംശജരായ മുസ്‌ലിംകളാണ്‌. സിംഗപ്പൂരും
മലേഷ്യയും തായ്‌ലന്റിന്‌ വളരെ അടുത്താണല്ലോ. `ഹലാല്‍ ഭക്ഷണം' കിട്ടുന്ന
സ്ഥലം എന്ന നിലയിലാണ്‌ വളണ്ടിയര്‍മാര്‍ എന്നെ അങ്ങോട്ട്‌ നയിച്ചത്‌.
ഭക്ഷണ ശാലയില്‍ ജോലിക്കാരെല്ലാം മുസ്‌ലിംകളാണ്‌. മിക്കവാറും സ്‌ത്രീകള്‍.
എല്ലാവരും ഇസ്‌ലാമിക വസ്‌ത്രധാരണ രീതി പാലിച്ചിരിക്കുന്നു. ഭക്ഷണശൈലി
എനിക്ക്‌ ഏറെ ആശ്ചര്യകരമായിരുന്നു. ബൊഫേ രീതിയില്‍ നമുക്ക്‌ ഇഷ്‌ടമുള്ള
ഭക്ഷണ വസ്‌തുക്കള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്‌. വിവിധ ഇനം
മാംസങ്ങള്‍, വ്യത്യസ്‌ത മത്സ്യങ്ങള്‍, ഇലകള്‍, പച്ചക്കറികള്‍,
പഴവര്‍ഗങ്ങള്‍, വേവിച്ച റൈസ്‌, മക്രോണി, ന്യൂഡില്‍സ്‌ എന്നിങ്ങനെ
എമ്പാടും വിഭവങ്ങള്‍.


മത്സ്യവും മാംസവും വേവിച്ചിട്ടില്ല. അത്‌ നമ്മള്‍ തന്നെ ചെയ്യണം.
തീന്‍മേശയ്‌ക്ക്‌ മുകളില്‍ കനല്‍ എരിയുന്ന ഓരോ സ്റ്റവ്‌
എല്ലാവര്‍ക്കുമുണ്ടായിരിക്കും. അതിനുമേല്‍ വെച്ചിരിക്കുന്ന പാത്രത്തില്‍
വെള്ളമുണ്ടായിരിക്കും. ആളുകള്‍ മാംസവും മത്സ്യവും ഇലകളും
പച്ചക്കറിയുമൊക്കെ അതിലിട്ട്‌ വേവിച്ചെടുക്കുന്നു. ഉപ്പും മുളകും സോസും
മറ്റും മേശയില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.
ഇഷ്‌ടമുള്ളത്‌ വേവിച്ച്‌ തിന്നാം. എത്ര വേണമെങ്കിലും കഴിക്കാം. എന്റെ
കൂട്ടുകാരനായ ഇന്റോനേഷ്യന്‍ സുഹൃത്ത്‌ ബുധി ഈ പരിപാടികളൊക്കെ
പരിചയപ്പെടുത്തിതന്നു. ആദ്യം ഒരിനം മത്സ്യം പരീക്ഷിച്ചുനോക്കി. ബുധി
സഹായിയായുണ്ട്‌. എന്തൊക്കെയോ ഇലകളും കൂട്ടുകളും അവന്‍ തിളയ്‌ക്കുന്ന
വെള്ളത്തില്‍ ഇട്ടുകൊണ്ടിരുന്നു. വെന്തുകഴിഞ്ഞാല്‍ നീളമുള്ള കോലുകൊണ്ട്‌ കുത്തിയെടുത്താണ്‌ കഴിക്കേണ്ടത്‌.കത്രികപ്പൂട്ടില്‍ മാംസക്കഷ്‌ണങ്ങള്‍ ഇറുക്കിയെടുത്ത്‌ വേഗത്തില്‍ അടിച്ചുമാറുന്ന ബുധിയെ നോക്കി ഞാന്‍ അന്തം വിട്ടു! പതുക്കെ മീന്‍
കഷ്‌ണങ്ങള്‍ ഓരോന്നായി കോലുകൊണ്ട്‌ ഇറുക്കിയെടുത്ത്‌ ഞാനും തിന്നാന്‍
തുടങ്ങി. ആദ്യത്തില്‍ രുചിക്കൂട്ടുകളില്‍ ചിലത്‌ മെരുങ്ങിയില്ലെങ്കിലും
വിശപ്പിന്റെ കാഠിന്യം കൊണ്ടാവണം മലായ്‌ ഭക്ഷണം വരുതിയില്‍ വന്നുതുടങ്ങി.
അതിന്റെ പോരിശ പറഞ്ഞും പ്രോത്സാഹിപ്പിച്ചും ബുധിയും മറ്റ്‌
സുഹൃത്തുക്കളം പുതിയ ഇനങ്ങള്‍ ഓരോന്ന്‌ കൊണ്ടു തന്ന്‌ സഹായിക്കുകയും
ചെയ്‌തു.ഭക്ഷണത്തിലും വസ്‌ത്രത്തിലും മാത്രമല്ല, ജീവിതത്തിന്റെ ഓരോ അടരുകളിലും

മലായ്‌ വംശജര്‍ തായ്‌ല ന്റില്‍ വേറിട്ടുനില്‍ക്കുന്നുവെന്ന്‌ പിന്നീട്‌
ഞാന്‍ മനസ്സിലാക്കി. എന്നാല്‍, പുതിയ തലമുറ തായ്‌ ജീവിതത്തില്‍ അലിഞ്ഞു
ചേര്‍ന്നുവരികയാണ്‌.

ഇറ്റാലിയന്‍ നാവികരെ വെറുതെ വിടണം!

പാശ്ചാത്യരും വെള്ളക്കാരും ഇറ്റാലിയന്‍ കത്തോലിക്കരുമായ നാവികന്മാര്‍
ഇന്ത്യക്കാരും കറുത്തവരും മീന്‍ പിടുത്തക്കാരുമായ ഒന്നോ രണ്ടോ പേരെ
വെടിവെച്ചു കൊന്നു എന്നത്‌ ഇത്ര വലിയ ആനക്കാര്യമാക്കാനുണ്ടോ? വിവാദമായ
കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ പ്രതിരോധവകുപ്പിലെ
ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷാഗാര്‍ഡുമായ ലാസ്റ്റൊറി മസിമിലാനോ,
സാര്‍വറ്റോര്‍ ഗിരോണ്‍ എന്നിവര്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അവരെ
കുറ്റം പറയാനൊന്നുമില്ല. സാഹസികരായ യൂറോപ്യന്‍ നാവികന്മാര്‍ കൊന്നും
കൊലവിളിച്ചും ലോകം കീഴടക്കിയ `ധീരോദാത്തമായ' ചരിത്രം
പഠിച്ചുവളര്‍ന്നവരാണ്‌ അവര്‍. തങ്ങളുടെ പൂര്‍വിക പരമ്പരയിലെ നായകനായ
വാസ്‌കോഡ ഗാമയെപ്പറ്റി അവര്‍ കേട്ടുകാണാതിരിക്കില്ല.


നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഗുഡ്‌ഹോപ്പ്‌ മുനമ്പ്‌ ചുറ്റി മലബാര്‍
തീരത്തണഞ്ഞ ഗാമ, അറബിക്കടലില്‍ കൊന്നു തള്ളിയ ഇന്ത്യക്കാരെക്കുറിച്ച്‌
അവര്‍ വായിച്ചിരിക്കും. കുഞ്ഞാലി മരക്കാരുടെ നായകത്വത്തിലുള്ള
സാമൂതിരിയുടെ നാവികപ്പടയുടെ ചോര കലര്‍ന്ന്‌ അന്ന്‌ അറബിക്കടല്‍
ചുവന്നിരുന്നു. കൊല്ലപ്പെട്ട ഭടന്മാരുടെ ശവശരീരം വെട്ടിനുറുക്കി ഗോവയിലെ
തെരുവുകളില്‍ എറിഞ്ഞിരുന്നു. പക്ഷെ, യൂറോപ്യരുടെ ചരിത്ര പുസ്‌തകത്തില്‍
അതൊന്നും ഒരു ക്രൂരകൃത്യമല്ല. അപരിഷ്‌കൃത രാജ്യങ്ങളില്‍ അധിനിവേശം നടത്തി
പൗരസ്‌ത്യ ജനതയെ വിമോചിപ്പിക്കാനുള്ള തങ്ങളുടെ ദൈവിക നിയോഗത്തിന്റെ ഭാഗം മാത്രമാണ്‌ അവര്‍ക്ക്‌ അത്തരം കൃത്യങ്ങള്‍.


ലോകത്തിന്റെ വിമോചകര്‍ തങ്ങളാണെന്ന പാശ്ചാത്യരുടെയും യൂറോപ്യരുടെയും
അഹന്തക്ക്‌, ആധുനിക കാലത്തും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌
നമുക്കറിയാം. അഫ്‌ഗാനിസ്‌താനിലേക്കും ഇറാക്കിലേക്കും പട നയിച്ച
അമേരിക്കന്‍ സാമ്രാജ്യത്വം സ്വയം ന്യായീകരിച്ചത്‌, അപരിഷ്‌കൃതരും
ഭീകരരുമായ ആ ജനതയെ വിമോചിപ്പിച്ച്‌ അവിടങ്ങളില്‍ ജനാധിപത്യം സ്ഥാപിച്ച്‌
പരിഷ്‌കരിക്കുകയാണ്‌ തങ്ങളുടെ ദൗത്യമെന്നാണ്‌. ചിലപ്പോഴൊക്കെ, ബൈബിള്‍
ഉയര്‍ത്തിപ്പിടിച്ച്‌ ഈ ദൗത്യത്തിന്‌ ഒരു ദൈവികച്ഛായ പകരാനും ജോര്‍ജ്‌
ബുഷ്‌ ശ്രമിച്ചിരുന്നുവല്ലോ. യുറോപ്യന്‍ വംശബോധത്താല്‍ അഭിമാനിതരായ
ഇറ്റാലിയന്‍ നാവികന്മാര്‍, വെള്ളത്തൊലിയും ഉല്‍കൃഷ്‌ട രക്തവുമുള്ള
തങ്ങള്‍ കറുത്ത അധമന്മാരായ `കടല്‍ ജീവികളെ' വെടിവെച്ചു വീഴ്‌ത്തിയത്‌
വലിയ അപരാധമായി കരുതിയെങ്കിലേ അത്ഭുതപ്പെടാനുള്ളൂ! ഇറ്റാലിയന്‍
കൊലയാളികളെ അറസ്റ്റു ചെയ്യാന്‍ ചെന്നപ്പോഴും ജയിലില്‍
പ്രവേശിപ്പിച്ചപ്പോഴും കേസ്‌ കോടതിയിലെത്തിയപ്പോഴുമൊക്കെ, അവര്‍
പ്രകടിപ്പിച്ച പെരുമാറ്റത്തിന്റെ ശരീരഭാഷയില്‍ ആ ധാര്‍ഷ്‌ട്യം തികട്ടി
വരുന്നത്‌ നാം പലവുരു കണ്ടതാണ്‌.


കഴിഞ്ഞ ഫിബ്രവരി 15 ന്‌ കൊല്ലം തീരത്തുവെച്ചാണ്‌ ഇറ്റാലിയന്‍ കപ്പലില്‍
നിന്നുമുള്ള വെടിയേറ്റ്‌ മത്സ്യബന്ധനം നടത്തുന്ന രണ്ടു പേര്‍
കൊല്ലപ്പെട്ടത്‌. ഇന്ത്യന്‍ തീരത്തുവെച്ച്‌ പാവപ്പെട്ട രണ്ടു
ഇന്ത്യക്കാരെ വിദേശികള്‍ വെടിവെച്ചുകൊന്നിട്ട്‌, കൊലയാളികളെ പിടികൂടി
ശിക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍
മെല്ലെപ്പോക്ക്‌ നയമാണ്‌ സ്വീകരിച്ചതെന്നത്‌ വെറും ആരോപണമല്ല. ഈ
മെല്ലെപ്പോക്കിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന്‌ സൂക്ഷ്‌മമായി
വിലയിരുത്താന്‍ ഇനിയുമാരും മുതിര്‍ന്നിട്ടില്ല. സംഭവം നടന്ന ഉടനെ,
അപ്പോള്‍ വത്തിക്കാനിലുണ്ടായിരുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌
ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, വത്തിക്കാന്‍ വാര്‍ത്താ
ഏജന്‍സിക്കു നല്‌കിയ അഭിമുഖത്തില്‍, ഇറ്റലിക്കെതിരെ തിരക്കിട്ട നടപടി
ഒഴിവാക്കാന്‍ കേന്ദ്രത്തിലെയും കേരളത്തിലെയും കത്തോലിക്ക മന്ത്രിമാരോട്‌
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. കര്‍ദിനാളായുള്ള തന്റെ
അഭിഷേകച്ചടകങ്ങിലടക്കം പങ്കെടുക്കുകയും റോമുമായി അടുത്തബന്ധം
പുലര്‍ത്തുകയും ചെയ്യുന്ന കത്തോലിക്കനായ കേന്ദ്ര ടൂറിസം മന്ത്രി കെ വി
തോമസിന്റെ സഹായം ലഭിക്കുമെന്നും മാര്‍ ആലഞ്ചേരി പ്രതീക്ഷ
പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ പിന്നീട്‌ മാര്‍
ആലഞ്ചേരി തന്റെ അഭിമുഖത്തിന്‌ വിശദീകരണവുമായി വന്ന്‌ മയപ്പെടുത്താന്‍
ശ്രമിച്ചുവെങ്കിലും, അദ്ദേഹം പ്രത്യാശിച്ച മുറയ്‌ക്കു തന്നെയാണ്‌
തുടര്‍ന്നും കാര്യങ്ങള്‍ നീങ്ങിയതെന്നത്‌ സത്യം. ഇവിടെ ഉയര്‍ന്ന മറ്റൊരു
ചോദ്യമുണ്ട്‌. യൂറോപ്യന്മാരുടെയും പാശ്ചാത്യരുടെയും `വംശ
മാഹാത്മ്യത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും വിശ്വസിക്കുന്നുണ്ടോ?
നിരപരാധികളും പാവങ്ങളുമായ മീന്‍പിടിത്തക്കാരെ യുറോപ്യര്‍ കൊന്നാല്‍,
കര്‍ത്താവിന്റെ അടുക്കല്‍ അത്‌ കുറ്റകരമല്ലെന്നുണ്ടോ? അതോ, പൗരസ്‌ത്യ
രാജ്യങ്ങളിലെ ക്രൈസ്‌തവ സഭകളുടെയും അല്‍മായന്മാരുടെയും ശതകോടിക്കണക്കിന്‌
വരുന്ന സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം വത്തിക്കാനിലെ പോപ്പിന്‌ വകവെച്ചു
കൊടുക്കുന്ന പോലെ, പരമാധികാര രാജ്യമായ ഇന്ത്യയിലെ ജനപ്രതിനിധികളടക്കമുള്ള
കത്തോലിക്കരുടെ രാഷ്‌ട്രീയ നയരൂപീകരണത്തില്‍ സ്വാധീനിക്കാനും
വത്തിക്കാന്‌ അവകാശമുണ്ടോ?


ഇറ്റാലിയന്‍ നാവികരെയും കര്‍ദിനാളിനെയും നമുക്കു വിടാം. എന്നാല്‍,
രാജ്യത്തെ ഭരണാധികാരികളും ഇറ്റാലിയന്‍ കൊലയാളികളോട്‌ ചായ്‌വ്‌
കാണിച്ചാലോ? രാജ്യത്തിന്റെ പരമോന്നത കോടതിയില്‍, കടല്‍ക്കൊലക്കേസ്‌
വിചാരണക്കിടെ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചത്‌ കേസ്സെടുക്കാന്‍
കേരളത്തിന്‌ അധികാരമില്ലെന്നാണ്‌! ഇറ്റാലിയന്‍ അധികൃതര്‍ ഉന്നയിക്കുന്ന
അതേ വാദമുഖങ്ങള്‍ തന്നെയാണ്‌ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി
വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവലും ഉന്നയിച്ചത്‌.
അതുകേട്ട്‌ അമ്പരന്നുപോയ സുപ്രിംകോടതി ന്യായാധിപന്മാര്‍ ചോദിച്ചുപോയി,
കൊല്ലപ്പെട്ടത്‌ ഇന്ത്യക്കാരല്ലേ എന്ന്‌! യുവര്‍ ഓണര്‍, കൊല്ലപ്പെട്ടത്‌
ഇന്ത്യക്കാര്‍ തന്നെ. പക്ഷെ, കൊന്നത്‌ ഇറ്റലിക്കാരായതുകൊണ്ട്‌,
അവര്‍ക്ക്‌ കറുത്തവരും പൗരസ്‌ത്യരുമായ നീച ജനങ്ങളെ കൊല്ലാനും
വഴിപ്പെടുത്താനുമുള്ള കാനോനിക അവകാശം പരിഗണിച്ച്‌ ഈ കേസ്സിലെ പ്രതികളെ
വെറുതെ വിടണമെന്ന്‌ പരമോന്നത കോടതിയോട്‌ അപേക്ഷിക്കുന്നു!!

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Sweet Tomatoes Printable Coupons